Sunday, May 17, 2009

എന്തുകൊണ്ടു് തോറ്റു ?

ശരിയുത്തരം കുറവു് വോട്ടുകള്‍ ലഭിച്ചതുകൊണ്ടു് എന്നാണു്.
അതിന്റെ കാരണം ചികഞ്ഞിട്ടു് പ്രത്യേകിച്ചു് കാര്യമൊന്നുമില്ല. "വാരി"യവരെ പുറത്താക്കിയിട്ടും കാര്യമില്ല. എങ്കിലും അറിഞ്ഞിരിക്കുന്നതു് നല്ലതാണു്.
ഒന്നാമത്തെ കാരണം മൂന്നാം ബദലിനെപ്പറ്റിയുള്ള പേടിയാണു്. ജയലളിതയും മായാവതിയും നായിഡുവും മന്‍മോഹനെപ്പോലെയാവില്ല.കാരാട്ടിനെ വട്ടം കറക്കും. ഒരു വീരനെ അടക്കിനിര്‍ത്താന്‍ പറ്റാഞ്ഞവര്‍ക്കു് മുന്നേ പറഞ്ഞവരെ അടക്കിനിര്‍ത്താന്‍ പറ്റുമെന്നു് ജനങ്ങള്‍ക്കു് തോന്നിക്കാണില്ല.
രണ്ടാമത്തെ കാരണം കഴിഞ്ഞതവണ ഭാജപയ്ക്കു് പറ്റിയതു് തന്നെയാണു്. അമിതാവേശം.
മൂന്നു് വലതുപക്ഷമാദ്ധ്യമങ്ങളുടെ ഇടപെടലുകളാണു്.മുഖ്യമന്ത്രിയെ അവര്‍ വളരെ ഭംഗിയായി ഉപയോഗിച്ചു എന്നതാണു് നേരു്. നേരെ തിരിച്ചാണു് എന്നു് പലര്‍ക്കും തോന്നിയതാണു് തെറ്റു്.ധാരാളം "ഇടതുപക്ഷ"ക്കാരെയും അവര്‍ ചാനലുകളില്‍ അഭിപ്രായം പറയാന്‍ സംഘടിപ്പിച്ചു. തന്റെ പാര്‍ട്ടിക്കാരൊക്കെ കൊള്ളരുതാത്തവന്മാരാണെന്നു് തോന്നത്തക്ക രീതിയിലുള്ള പ്രസ്താവനകള്‍ മുഖ്യമന്ത്രിയില്‍ നിന്നു് തന്നെ അവര്‍ ഒപ്പിച്ചെടുത്തു.
നാലാമത്തേതും എന്നാല്‍ പ്രധാനപ്പെട്ടതുമായ കാരണം സീപ്പീയെം നേതാക്കളുടെ ബോഡി ലാംഗ്വജാണു്. എന്തെങ്കിലും ആരോപണം വന്നാല്‍ (അടിസ്ഥാനമില്ലാത്തതാകട്ടെ ഉള്ളതാകട്ടെ) രാഷ്ട്രീയമായി "നേരിടും" എന്ന ഭീഷണിയാണു്. രാഗേഷൊക്കെ തോല്‍ക്കാന്‍ പ്രധാനകാരണം അദ്ദേഹത്തിന്റെ "വിപ്ലവവീര്യമാണു്".
അഞ്ചാമതു് ഘടകകക്ഷികള്‍ തമ്മിലുള്ള അവിശ്വാസമാണു്. ജയിക്കുന്നതല്ല, മത്സരിക്കുന്നതാണു് പ്രധാനമെന്നു് വിശ്വസിക്കുന്ന പാര്‍ട്ടിയൊക്കെ കൂട്ടിനുള്ളപ്പോള്‍ പ്രത്യേകിച്ചും.
ആറാമതും ഏറ്റവും പ്രധാനപ്പെട്ട കാര്യം സത്യസന്ധതയില്ലായ്മയാണു്. വിഭാഗീയത മറ നീക്കി മുന്നില്‍ തന്നെ നില്‍ക്കുമ്പോള്‍ കണ്ണടച്ചിരുട്ടാക്കിയിട്ടു് ഞാനൊന്നും കാണുന്നില്ല എന്നു് പറയുന്ന കാപട്യം അവസാനിപ്പിച്ചാല്‍ നന്നു്.
ഇനിയുമുണ്ടു് കാരണങ്ങള്‍ . അതൊക്കെ തന്നത്താനങ്ങു് നിരൂപിച്ചാല്‍ മതി. അല്‍ല്ലേ....

Saturday, May 16, 2009

ഒരു കണക്കിനു് ഇതാ ഭേദം

കാങ്ഗ്രസിനു് (യൂപ്പീയേക്കു്) പിന്തുണ നല്‍കില്ലായെന്നു് പറഞ്ഞ കാരാട്ടിനു് അതു് മാറ്റാതെ കഴിഞ്ഞു. ഭാജപയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കില്ലായെന്നു് പറഞ്ഞതും അച്ചട്ടായി. എങ്ങാനും ഭരണം കിട്ടിപ്പോയാല്‍ ആണവകരാറു് റദ്ദാക്കുമെന്നൊക്കെ കീച്ചിയതു് ഇനിയിപ്പോ ഒരു പ്രശ്നമല്ല.
പിന്തുണകൊടുത്തു് കൊടുത്തു് പാര്‍ട്ടിക്കാരൊക്കെ (എംപിമാര്‍ ) സോമനാഥോ അബ്ദുല്ലക്കുട്ടിയോ ആകാതെ നോക്കാം.
(പാര്‍ട്ടിക്കാരൊക്കെ എപ്പഴേ ആയി. അതല്ലേ ബംഗാളത്തിലും കേരളിലും അണികള്‍ കാങ്ഗ്രസിനും യൂപ്പീയേക്കും കുത്തിയതു്)
സീപ്പീയെമ്മിനെ നന്നാക്കാന്‍ സീപ്പീയെമ്മിനെ തോല്‍പ്പിക്കുക എന്നാണു് ഇടതു് ഏകോപനസമിതിക്കാര്‍ പറഞ്ഞുനടന്നതു്.

സീപ്പീയെമ്മേ നന്നായിക്കോളൂ.
ഒന്നുകില്‍ പാര്‍ട്ടിക്കാരൊക്കെ അച്ചുതാനന്ദന്‍ സ്റ്റൈലിലേക്കു് മാറുക, അല്ലെങ്കില്‍ അച്ചുതാനന്ദനെ എടുത്തു് പുറത്തുകളയുക.
ഒരേ വണ്ടി രണ്ടുദിക്കിലേക്കും ഒരേസമയം ഓട്ടാന്‍ പറ്റില്ല.

ശുഭം.

Wednesday, April 15, 2009

മൻമോഹൻ ഇടതുപക്ഷത്തെ ഇഷ്ടപ്പെടുന്നു

ഇടതുപക്ഷവുമായി സഹകരിക്കുമ്പോൾ ബല്യ സന്തോഷമായിരുന്നു എന്നാണു് പീയെമ്മിന്റെ ലേറ്റസ്റ്റ് നിലപാടു്.
ഇനഫ് ഈസ് ഇനഫ്, കൊറേക്കാലമായി സഹിക്കുന്നു,വേണേ പിന്തുണ പിൻവലിച്ചോ എന്നു് പറഞ്ഞതും ഭവാൻ. അതു് ആണവകരാറിൽ ഒടക്കു് വന്നപ്പോ.
റീജണൽ പാർട്ടികളും സ്വതന്ത്രരുമൊന്നും ശരിയല്ലെന്നും പീയെം. ഭേഷ്.
ശരിയാണു് ഈർക്കിലികൾ ഇല്ലാരുന്നേൽആണവകരാറിനു് എണ്ണമൊപ്പിക്കാൻ പറ്റില്ലാരുന്നു.
കേരളത്തിൽ വന്നാൽ ഇടതുവിരോധം. പുറത്തുപോയാൽ ലൌ.

എനി കൊറച്ചുനാൾ രാജ്യസഭേൽ വെറുതെയിരി.
സീപ്പീയെമ്മും റീജണൽ പാർട്ടികളും കൂടി ഭാരതം ഭരിക്കണതെങ്ങനെയെന്നു് കണ്ടുപഠി.

Vote LDF വോട്ട് എൽ ഡി എഫ്

മുന്നേ പറഞ്ഞ അരാഷ്ട്രീയ വിഷ് ലിസ്റ്റ് പിൻവലിക്കുന്നു.
രാഷ്ട്രീയമായാണു് വോട്ട് ചെയ്യേണ്ടതു്.
സീപ്പീയെം നയിക്കുന്ന ഇടതുമുന്നണി കേന്ദ്രഭരണത്തിൽ നിർണായകശക്തിയാകാൻ നമ്മുടെ ആത്മാഭിമാനം നിലനിർത്താൻ ഈ അവസരം ഉപയോഗിക്കൂ.

വോട്ട് എൽഡിഎഫ്

ഭിന്നതകൾ മറക്കൂ. ഇതു് നഷ്ടപ്പെടുത്തിക്കൂടാ.

20ൽ 20

Thursday, April 09, 2009

ശശി തരൂരിനോടു് മലയാളത്തില്‍ ...

ചില ചോദ്യങ്ങള്‍ . ഫാന്‍സോ മീഡിയ മാനേജര്‍മാരോ മറുപടി തന്നാലും മതി.
1.താങ്കള്‍ക്കു് മറ്റൊരു രാജ്യത്തിന്റെയും പാസ്പോര്‍ട്ടില്ലെന്നും ഇന്ത്യന്‍ പാസ്പോര്‍ട്ട് മാത്രമുപയോഗിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പറയുന്നതു് കേട്ടു. നല്ലതു്. താങ്കള്‍ ഇപ്പോള്‍ വിദേശഇന്ത്യാക്കാരനാണോ?
2.താങ്കള്‍ക്കു് കുറെക്കാലമായി റേഷന്‍ കാര്‍ഡില്‍ പേരുണ്ടെന്നോ മറ്റോ കേട്ടതു് പോലെ തോന്നി, താങ്കളുടെ പാലക്കാട്ടുള്ള കുടുംബവീട്ടിലോ മറ്റോ .. പ്രവാസിഭാരതീയസമ്മാന്‍ വാങ്ങുമ്പോഴും റേഷന്‍ കാര്‍ഡില്‍ പേരുണ്ടായിരുന്നോ ?
3.താങ്കള്‍ക്കു് ഒരു എന്നാറൈ അക്കൌണ്ടുണ്ടെന്നു് കേള്‍ക്കുന്നു. ഒള്ളതാണോ ?
4.താങ്കള്‍ എന്നെങ്കിലും ഇന്ത്യയില്‍ വരുമാന നികുതി അടച്ചിട്ടുണ്ടോ ?
5.വിദേശഇന്ത്യാക്കാര്‍ക്കു് കൃഷിഭൂമി വാങ്ങാനാകില്ല എന്ന നിയമമുള്ളതു് താങ്കള്‍ക്കറിയാമോ ? താങ്കള്‍ വിദേശഇന്ത്യാക്കാരനോ താങ്കള്‍ക്കു് കൃഷിഭൂമിയുണ്ടെന്നോ ഞാന്‍ പറഞ്ഞതിനു് അര്‍ത്ഥമില്ല. താങ്കളുടെ മീഡിയാമാനേജര്‍മാര്‍ക്കു് പലര്‍ക്കും അതറിയില്ല എന്നു് തോന്നിയിട്ടുണ്ടു്.
6.താങ്കള്‍ ജയിച്ചാല്‍ വിദേശഇന്ത്യാക്കാര്‍ക്കു് വോട്ടവകാശം നേടാന്‍ എന്തെങ്കിലും ചെയ്യുമോ ? അതായതു് നിയമപരമായിത്തന്നെ പ്രവാസികള്‍ക്കു് വോട്ട് ചെയ്യാന്‍ സൌകര്യമുണ്ടാക്കുമോ എന്നാണു് ചോദ്യം. വോട്ട് ചെയ്യുന്ന പ്രവാസികള്‍ നിയമവിരുദ്ധമായി ആണു് അതു് ചെയ്യുന്നതു്.
7.കൊക്കക്കോല ജലചൂഷണം നടത്തുന്നുണ്ടോ ?
8.ബാന്‍ കി മൂണ്‍ താങ്കളെ ഒഴിവാക്കിയതാണോ അതോ താങ്കള്‍ സ്വയം ഒഴിവായതാണോ ? പറ്റിയ പണി അദ്ദേഹം തരികയാണെങ്കില്‍ കൂടെ ജോലി ചെയ്യുന്നതില്‍ വിരോധമില്ല എന്നു് താങ്കള്‍ പറഞ്ഞതായി ഒരു വാര്‍ത്ത കണ്ടിരുന്നു. ബാന്‍ കി മൂണിന്റെ ക്ഷണം താങ്കള്‍ സ്നേഹത്തോടെ നിരസിച്ചതാണെന്നും മറ്റൊരു വാര്‍ത്തയും കണ്ടിരുന്നു. താങ്കള്‍ നുണ പറയാത്ത ആളായതുകൊണ്ടു് ചോദിക്കുന്നതാണു്. ഏതാണു് നേരു് ?
9.ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ഒന്നിനും കൊള്ളാത്തവരാണെന്നു് താങ്കള്‍ക്കു് ഇപ്പോള്‍ അഭിപ്രായമുണ്ടോ ? ഈയടുത്ത കാലത്തും അങ്ങിനെയൊരു പ്രസ്താവന താങ്കളില്‍ നിന്നും ഉണ്ടായിരുന്നു. അതുകൊണ്ടാണു് താങ്കള്‍ മത്സരിക്കുന്നതെന്നും താങ്കള്‍ അന്നു് പറഞ്ഞിരുന്നു. ഒള്ളതാണോ.
10.ഇസ്രയേലിനോടു് ഇപ്പഴും അസൂയ തോന്നുന്നുണ്ടോ. ബോസ്നിയന്‍ മുസ്ലിങ്ങളെ സെര്‍ബുകള്‍ ഉന്മൂലനം ചെയ്തപ്പോഴും അസൂയ തന്നെയായിരുന്നോ.
11.മൂലമ്പിള്ളിയിലെയും ചെങ്ങറയിലേയും സമരങ്ങളെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു ?

ഒരു തെരഞ്ഞെടുപ്പു് ചോദ്യം

If pro is the opposite of con,

What is the opposite of progress?

ലിങ്ക്:

Saturday, March 28, 2009

എന്തുകൊണ്ടു് സീപ്പീയെം മുന്നണി

ഇടതുമുന്നണിയെന്നു് പറയാത്തതു് കരുതിക്കൂട്ടിയാണു്. സീപ്പീയെം എന്തു് മുന്നണിയുണ്ടാക്കിയാലും അതു് ഇന്ത്യക്കാരന്റെ ആത്മാഭിമാനം സംരക്ഷിക്കുന്ന ഒന്നായിരിക്കും. ഞാനോര്‍ക്കുന്നു പണ്ടു് കാങ്ഗ്രസ് സുഹൃത്തുക്കള്‍ ലാലു പ്രധാനമന്ത്രിയായാലുള്ള ദുരന്തം ഓര്‍ത്തു് വിലപിച്ചിരുന്നതു്. പിന്നെപ്പിന്നെ ലാലു കേമനായി. പിന്തുണ പിന്‍വലിച്ചാല്‍ ലാലു ലല്ലുവാകും.വിഡ്ഢി.
നമുക്കു് അയല്‍ക്കാരെ പിണക്കി ജീവിക്കാനാവില്ല. പാകിസ്താനും ചൈനയുമായൊക്കെ നല്ല ബന്ധമാണു് ഉണ്ടാക്കേണ്ടതു്. അവര്‍ ശത്രുക്കളാണെങ്കില്‍ പോലും ദൂരെ വല്ല ബന്ധുവുണ്ടാകുന്നതിലും നല്ലതാണു്. അല്ലെങ്കില്‍ തന്നെ ഈ ഗ്ലോബല്‍ വില്ലേജില്‍ ആരുമായും ശത്രുത നന്നല്ല.
അത്താഴം മുടക്കാന്‍ നീര്‍ക്കോലിയായാലും മതി എന്നതു് കാരണമായെടുത്തു് നീര്‍ക്കോലിയെ കൊല്ലാന്‍ രാജവെമ്പാലയെ സുഹൃത്തായി സ്വീകരിക്കുമോ വെളിവുള്ള ആരെങ്കിലും ?
കമ്മ്യൂണിസം എന്ന അജണ്ട തത്ക്കാലം അട്ടത്തു് വെച്ചു് രാഷ്ട്രനന്മയ്ക്കായി സമാനമനസ്കരുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണു് സീപ്പീയെം. അവര്‍ക്കു് ചുവപ്പു് പോരാ എന്നു് പറയുന്ന "ഇടതുപക്ഷ"ക്കാര്‍ കാങ്ഗ്രസ് സര്‍ക്കാര്‍ വരാന്‍ തങ്ങളാല്‍ കഴിയുന്നതു് പോലെ പ്രവര്‍ത്തിക്കുന്നതു് ജുഗുപ്സാവഹമാണു്. തങ്ങള്‍ മുന്നോട്ടു് വെക്കുന്ന നിലപാടുകളുമായി യോജിക്കുന്നവരുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നതില്‍ ഒരു തെറ്റും സീപ്പീയെം കാണുന്നില്ല. എന്തിനു്, കാങ്ഗ്രസിനോടു് പോലും ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സഹകരിക്കാന്‍ സീപ്പീയെം നേതൃത്വം നല്‍കിയ മുന്നണി തയ്യാറായിട്ടുണ്ടു്. ഇപ്പോഴത്തെ നിലപാടു് വര്‍ഗ്ഗീയവിഷം ചീറ്റുന്ന ഭാജപയേയും (മുന്നണിയൊക്കെ ഉണ്ടോ ആവോ) രാജ്യാഭിമാനം പണയം വെച്ച കാങ്ഗ്രസിനേയും തോല്‍പിച്ചു് ഒരു ബദല്‍ മുന്നണി കെട്ടിപ്പടുക്കുക എന്നതാണു്. എക്കാലത്തേക്കാളും പ്രസക്തവും പ്രായോഗികവുമാണു് ഇതിപ്പോള്‍ . യൂപ്പീയില്‍ ബസപയും ആന്ധ്രയില്‍ റ്റീഡീപ്പി മുന്നണിയും തമിഴ് നാട്ടില്‍ ഏതെങ്കിലും ദ്രാവിഡ മുന്നണിയും ഒറീസയില്‍ ബീജെഡി മുന്നണിയും ബംഗാള്‍, കേരളം സീപ്പീയെം മുന്നണിയും കര്‍ണാടകയില്‍ ജനതാദളും ബീഹാറില്‍ ലാലു പസ്വാന്‍ അല്ലെങ്കില്‍ നീതിഷ്. പിന്നെയുള്ള സംസ്ഥാനങ്ങള്‍ ഭാജപയും കാങ്ഗ്രസും വീതം വെച്ചാല്‍ ... കാങ്ഗ്രസിനു് പരമാവധി 90 സീറ്റ് കിട്ടും. ഭാജപയ്ക്കു് ഒരു 130. ബാക്കി മറ്റു കക്ഷികള്‍ക്കു്. ഇവരൊക്കെയും തന്നെ സീപ്പീയെമ്മുമായി സഹകരിക്കാന്‍ വിരോധമില്ലാത്തവരാകും. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ സര്‍ക്കാരില്‍ പങ്കാളിയാകാനും വേണ്ടി വന്നാല്‍ കാങ്ഗ്രസിന്റെ തന്നെ പിന്തുണ സ്വീകരിക്കാനും തയ്യാറാണെന്നു് സീപ്പീയെം വ്യക്തമാക്കിയിട്ടുണ്ടു്.
അപ്പോള്‍ വ്യക്തമായ കാഴ്ചപ്പാടുള്ള ഈ മുന്നണി തന്നെയാകട്ടെ ഇന്ത്യ ഭരിക്കുന്നതു്. ഒബാമ പറഞ്ഞതു് പോലെ "യെസ് വി കാന്‍ "

Monday, March 23, 2009

ശശി തരൂര്‍ ഭാജപ സ്ഥാനാര്‍ത്ഥിയോ ?

വെറുതെയാണോ രാജേട്ടന്‍ ഒഴിഞ്ഞതു്.
ഒരു കോലീബി സഖ്യം ഇങ്ങു് തിരുവനന്തപുരത്തു്. ഭാജപയുടെ പ്രഖ്യാപിതനിലപാടുകളാണു് ശശിയ്ക്കു്. ഇസ്രയേലിന്റെ ഗാസ ആക്രമണം കണ്ടിട്ടു് ഇന്ത്യയ്ക്കു് കൊതിയാവുന്നെന്നു് (അസൂയയാകുന്നുവെന്നു്, ഞങ്ങള്‍ക്കു് ഇങ്ങനെ ചെയ്യാന്‍ പറ്റുന്നില്ലല്ലോ). ഞാന്‍ വെറുതെ പറയുന്നതല്ല, ദോ ലിങ്ക്.
ഇസ്രയേലി പത്രത്തില്‍ അങ്ങേരു് എഴുതിവിട്ടതാണു്.
ഇതു് ഞാന്‍ കണ്ടുപിടിച്ച ലിങ്കല്ല. ഇദ്ദേഹം തന്നതാണു്.
കേവി തോമസ് അവസാന നിമിഷം കയറിക്കൂടിയതും കൂടി നോക്കിയാല്‍ ഒരു കോണ്‍ - ഭാജപ സര്‍ക്കാരിനു് ഒരു സാദ്ധ്യത കാണുന്നുണ്ടു്. ലീഗിനു് ഒരെംപിയെങ്കിലും ഉണ്ടെങ്കില്‍ ആ സര്‍ക്കാരിനു് ലീഗിന്റെ പിന്തുണയും കാണും. മതേതരത്വം സംരക്ഷിക്കണ്ടേ ? അതു് കോണ്‍ഗ്രസിന്റെ കുത്തകയാണല്ലോ.
മാഡത്തിനെ ശശിയ്ക്കു് പുല്ലുവിലയാണു്. എന്നാലും വല്ല പ്രധാനമന്ത്രിയോ മറ്റോ ആകാന്‍ പറ്റിയാലോ? കാലമതല്ലേ. ഏതു് മന്‍മോഹനും പ്രധാനമന്ത്രിയാകാന്‍ പറ്റുന്ന കാലം.

Saturday, March 21, 2009

തെരഞ്ഞെടുപ്പു് വിഷ് ലിസ്റ്റ്

1.മലപ്പുറം : റ്റി.കെ ഹംസ
2.പൊന്നാനി : ഹുസൈന്‍ രണ്ടത്താണി
3.ചാലക്കുടി : യു.പി.ജോസഫ്
4.തൃശൂര്‍ : പി.സി.ചാക്കോ
5.ആറ്റിങ്ങല്‍ : എ.സമ്പത്ത്
6.തിരുവനന്തപുരം : രാമചന്ദ്രന്‍ നായര്‍
7.കൊല്ലം : പി.രാജേന്ദ്രന്‍
8.പത്തനംതിട്ട : അനന്തഗോപന്‍
9.കോട്ടയം : സുരേഷ് കുറുപ്പു്
10.മാവേലിക്കര : കൊടിക്കുന്നില്‍ സുരേഷ്
11.ആലപ്പുഴ : കെ.എസ്.മനോജ്
12.എറണാകുളം : സിന്ധു ജോയ്
13.ഇടുക്കി : പി.റ്റി.തോമസ്
14.ആലത്തൂര്‍ : പി.കെ.ബിജു
15.പാലക്കാടു് : എം.ബി.രാജേഷ്
16.വടകര : പി.സതീദേവി
17.കോഴിക്കോടു് : മുഹമ്മദ് റിയാസ്
18.വയനാടു് : എം.ഐ.ഷാനവാസ്
19.കണ്ണൂര്‍ : കെ.കെ.രാഗേഷ്
20.കാസര്‍ഗോഡ് : പി.കരുണാകരന്‍

സീപ്പീയെമ്മും കോണ്‍ഗ്രസും ജയിച്ചോട്ടെ. ഈര്‍ക്കിലുകള്‍ തോറ്റോട്ടെ എന്ന മാനദണ്ഡമാണു് ഉപയോഗിച്ചതു്.

ഒരു കാലത്തും ജയിക്കാത്ത ഷാനവാസിനെതിരെ സീപ്പീയൈക്കു് കിട്ടിയതു് ഒരു കാലത്തും ജയിക്കാത്ത റഹ്​മത്തുള്ള.
രാജ്യസഭയിലൂടെയല്ലാതെ തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ ധൈര്യം കാണിച്ചതിനു് ശശിതരൂരിനു് പിന്തുണയുണ്ടെങ്കിലും, എന്നാറൈക്കു് വോട്ടവകാശം കിട്ടാന്‍ കാര്യങ്ങള്‍ എളുപ്പമാകും ഇദ്ദേഹം ജയിച്ചാല്‍ എന്നും ഒരു പ്രതീക്ഷയുണ്ടെങ്കിലും കൊക്കക്കോലയുടെ വക്താവാണു് ഇദ്ദേഹമെന്നറിയുന്നതു് കൊണ്ടു് സീപ്പീയൈ രാമചന്ദ്രന്‍ നായര്‍ ജയിച്ചോട്ടെ.

എമ്മെല്ലെമാര്‍ വെറുതെ ജയിച്ചു് ഉപതെരഞ്ഞെടുപ്പു് ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. സോ തോമസ് മാഷും വേണുഗോപാലും സുധാകരനും ജയിക്കണ്ട.
ഒരു നിലപാടും വെളിപാടുമില്ലാത്ത മു.ലീഗ് വെറുതെ പാര്‍ലമെന്റില്‍ പോയിട്ടെന്തു് കാര്യം. അഹമ്മദ് സായ്​വ് കുറച്ചു് നാള്‍ വീട്ടിലിരിക്കു്. ബഷീര്‍ സായ്​വും കൂട്ടിരിക്കു്.

സീപ്പീയെം മുന്നണിയുണ്ടാക്കുമ്പോള്‍ പുറത്തുനിന്നു് പിന്തുണയ്ക്കാന്‍ കുറച്ചു് കോണ്‍ഗ്രസുകാര്‍ വേണ്ടേ ! അതിനാണു് ചാക്കോയും തോമസും ഷാനവാസും സുരേഷും .